ലിപ്യന്തരണം

ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ച് മലയാളവാക്കുകൾ ടൈപ്പ് ചെയ്യുന്നതിനുള്ള ഒരു ലിപ്യന്തരണ ഉപാധി ഉണ്ടാക്കി. പൂർണ്ണമായും ഒരു പുതിയ സൃഷ്ടിയാണിത്, അതായത് ഇതേ കാര്യം സാധിച്ചുതരുന്ന സമാന ഉപകരണങ്ങളിൽ നിന്നുള്ള കോഡ് ശകലങ്ങൾ ഇതിലേക്ക് കടം കൊണ്ടിട്ടില്ല. വളരെ ലളിതമായതും പ്രശ്നത്തെ വിഭജിച്ച് പരിഹരിക്കുന്ന രീതീയിലുള്ളതുമായ ഒരു അൽഗോരിതമാണ് പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രോഗ്രാമിനെ ലിപ്യന്തരണത്തിന് സഹായിക്കുന്നത് തുടക്കത്തിൽ ചേർത്തിരിക്കുന്ന റെഗുലർ എക്സ്പ്രഷൻ നിയമങ്ങളുടെ ഒരു പട്ടികയാണ് (പ്രോഗ്രാമിലെ ഒരു അസോസിയേറ്റീവ് അറേ). ഏതെങ്കിലും ഒരു ഭാഷയുമായി ബന്ധപ്പെട്ടല്ല ഈ പ്രോഗ്രാം പ്രവർത്തിക്കുന്നത്. ടൈപ്പ് ചെയ്യുന്ന അക്ഷരവും ടൈപ്പ് ചെയ്യുന്ന സ്ഥാനത്ത് നിലവിലുള്ള അക്ഷരങ്ങളും ചേർത്ത് എന്ത് നിയമമാണോ പട്ടികയിലുള്ളത് അതിനനുസരിച്ച് ടെക്സ്റ്റ്ബോസ്കിൽ മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പട്ടികയിലെ നിയമങ്ങളിൽ മറ്റ് ഭാഷയിലെ ചിഹ്നങ്ങളാണെങ്കിൽ അതിനനുസരിച്ച് ലിപ്യന്തരണം നടന്നുകൊള്ളും. അതായത് മറ്റ് ഭാഷകളിലേക്കും ഇതുവഴി ലിപ്യന്തരണം സാധ്യമാക്കാം, അതിനാവശ്യമായ നിയമങ്ങളുടെ പട്ടിക തയ്യാറാക്കണമെന്ന് മാത്രം (പട്ടിക എങ്ങനെ തയ്യാറാക്കാം എന്നറിയണമെങ്കിൽ ചോദിക്കുക).

മൈക്രോസോഫ്റ്റ് വീണ്ടും ഗൂഗിളിനോട്?

മൈക്രോസോഫ്റ്റ് ന്യൂസ് കോർപ്പൊറേഷനുമായി ചില ധാരണയിൽ എത്തിയെന്നു സൂചന. മാധ്യമ മുതലാളി റൂപെർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പറേഷൻ അവരുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ സെർച്ച് ഇൻഡക്സിൽ നിന്നും ഒഴിവാക്കാൻ ആലോചിക്കുന്നു എന്ന് വാർത്ത. അവരുടെ വാർത്തകൾ വായിക്കാൻ ഫീസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനിയുടെ വിശദീകരണം. മൈക്രോസോഫ്റ്റ് ഇതിന്റെ പിന്നിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ന്യൂസ് കോർപ്പെറേഷന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ ഇൻ‌ഡക്സിൽ നിന്നും ഒഴിവാക്കി തങ്ങളുടെ ബിംഗിൽ മാത്രം വരുത്തുന്നതിനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്, അങ്ങിനെയെങ്കിലും ഗൂഗിളിനിട്ട് ഒരു പണികൊടുക്കാൻ. ഇതുവല്ലതും നടക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഗൂഗിളിനിട്ട് പണികൊടുക്കുന്നതിനു പകരം സ്വന്തം ബിംഗിനെ മെച്ചപ്പെടുത്തൻ മൈക്രോസോഫ്റ്റിനു ശ്രമിച്ചുക്കൂടെ എന്ന് പലരും ചോദിക്കുന്നു.

ഒറാക്കിളും മൈ.എസ്.ക്യു.എല്ലും

ഒറാക്കിൾ സൺ മൈക്രോസിസ്റ്റംസിനെ വാങ്ങാൻ തീരുമാനിച്ചത് ഏപ്രീലിലാണ് അതിന് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ അനുവാദവും കിട്ടി, പക്ഷെ ഇപ്പോൾ തടസ്സമായിരിക്കുന്നത് യൂറോപ്പ്യൻ കമ്മീഷനാണ്.

ഫയർഫോക്സ് 3.5 (Firefox 3.5)

ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പ് 3.5 ഇന്നലെ (30 ജൂണ്‍ 2009) പുറത്തിറങ്ങി. ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. നല്ല വേഗത്തില്‍ പേജുകള്‍ കാണിക്കുന്നുണ്ട് താളിന്റെ ഭാഗങ്ങള്‍ പതിയെ കാണിക്കുന്നതിന് പകരം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. റെന്‍ഡറിങ്ങ് വേഗത നല്ലപോലെ വര്‍ദ്ധിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന കാര്യം ഉള്‍ക്കൊള്ളിരിച്ചിരിക്കുന്നത് പ്രൈവറ്റ് ബ്രൌസിങ്ങ് മോഡാണ്. മെനുവില്‍ Tools->Start Private Browsing ക്ലിക്കിയാല്‍ പിന്നെ ബ്രൌസര്‍ പ്രൈവറ്റ് ബ്രൌസിങ്ങ് മോഡിലായിരിക്കും. ആ അവസ്ഥയില്‍ നമ്മള്‍ സന്ദര്‍ശിക്കുന്ന വെബ് താളുകളൊന്നും ഹിസ്റ്ററി ലിസ്റ്റില്‍ രേഖപ്പെടുത്തപ്പെടുത്തുക, ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയലുകള്‍ ഡൌണ്‍ലോഡ് ലിസ്റ്റില്‍ ചേര്‍ക്കുക, ഫോമുകള്‍, സെര്‍ച്ച് ബോക്സുകള്‍ എന്നിവയില്‍ ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ ഓര്‍ക്കുക, കുക്കികള്‍, കാഷെ തുടങ്ങിയവ സൂക്ഷിക്കുക എന്നിങ്ങനെയുള്ള സാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. Tools->Stop Private Browsing ഞെക്കി പ്രൈവറ്റ് ബ്രൌസിങ്ങ് മോഡില്‍ നിന്നും പുറത്തു കടക്കാം. ഇത് വഴി പ്രധാനമായും ഉദ്ദേശിക്കുന്നത് രഹസ്യമായ വെബ് ബ്രൌസിങ്ങാണ്. പ്രൈവറ്റ് ബ്രൌസിങ്ങ മോഡ് ഉപയോഗിച്ചതിനു ശേഷം അയാള്‍ ഏതൊക്കെ സൈറ്റുകളില്‍ പോയി എന്നൊന്നും അറിയാന്‍ പറ്റില്ല. ഇന്റര്‍നെറ്റ് കഫേകള്‍ വഴി വെബ് ബ്രൌസിങ്ങ് നടത്തുന്നവര്‍ക്ക് ഇത് നല്ലതായിരിക്കും. അത് വഴി അറിയാതെയോ കുക്കികള്‍ വഴിയോ രഹസ്യവാക്കുകള്‍ ചോരുന്നത് തടയാന്‍ സാധിക്കും.

subscribe via RSS