കീമാൻ

വിക്കിപീഡിയയിലും കീമാജിക്കിലും ഉപയോഗിച്ച അതേ മലയാളം മൊഴി രീതിയിലുള്ള കീബോർഡ് കീമാനിനു വേണ്ടിയും തയ്യാറാക്കി. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുൻപ് കീമാനിനെ കുറിച്ച് ചെറിയൊരു ആമുഖം നൽകാം.

ചരിത്രം

കുറേ വർഷങ്ങൾക്ക് മുൻപ് കീമാനായിരുന്നു മലയാളം എഴുതാനായി വിൻഡോസിൽ വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്നത്. അന്ന് രാജ് നീട്ടിയത്ത് (പെരിങ്ങോടൻ) ആയിരുന്നു ആ മലയാളം കീബോർഡ് തയ്യാറാക്കിയത്. പിന്നീട് വിൻഡോസിന്റെ പുതിയ പതിപ്പുകൾ ഇറങ്ങിയപ്പോൾ പലവിധ കാരണങ്ങളാൽ കീമാനെ ആൾക്കാർ ഉപയോഗിക്കാതെയായി. അതിലൊരു കാരണം, മലയാളം കീബോർഡ് ചേർത്ത് വിതരണം ചെയ്തിരുന്ന കീമാൻ വിൻഡോസിന്റെ പുതിയ പതിപ്പുകളിൽ പ്രവർത്തിക്കുന്നില്ല, ശേഷം ഇറങ്ങിയ കീമാന്റെ പതിപ്പുകൾ ഉപയോഗിക്കാൻ പണം കൊടുത്തു ലൈസൻസ് വാങ്ങണം, തുടങ്ങിയവ കാരണങ്ങളായിരുന്നു.

2007 മുതൽ 2010 പൂർണ്ണമായും ലിനക്സിലേക്ക് മാറുന്നതുവരെ ഞാനും കീമാൻ ഉപയോഗിച്ചിരുന്നു.

വർത്തമാനം

ഇപ്പോൾ കാര്യങ്ങൾ മാറി വരുന്നുണ്ട്. അല്ല ഏതാണ്ട് മാറിക്കഴിഞ്ഞു. SIL1 എന്ന അമേരിക്കൻ സംഘടന കീമാനെ വാങ്ങി സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചു. അതിനാൽ ഇപ്പോൾ‌ കീമാൻ സൗജന്യമായി ഉപയോഗിക്കാൻ ലഭ്യമാണ്. സൗജ്യന്യമാക്കുക എന്നത് കൂടാതെ ഓപ്പൺ സോഴ്സ് ആക്കുക എന്നതും അവരുടെ തീരുമാനമാണ്, അതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

കീമാൻ സൗജന്യമായി, ഓപ്പൺ‌ സോഴ്സാകാറുമായി. അതിനാൽ മലയാളം കീബോർഡുകൾ ലഭ്യമാക്കിയാൽ തീർച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് തോന്നുന്നു.

നിലവിൽ മലയാളം ടൈപ്പ് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. എന്നിരുന്നാലും ഒരോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും വ്യതസ്ത മാർഗ്ഗങ്ങളാണ്. വിൻഡോസിൽ കീമാജിക്ക്, ഇൻകീ, ഗൂഗിൾ ഇൻപുട്ട് ടൂൾസ് തുടങ്ങിയവ. ആൻഡ്രോയിഡിലാണെങ്കിൽ ഇൻഡിക് കീബോർഡ്, ഗൂഗിൾ കീബോർഡ് (GBoard) എന്നിവയുണ്ട്. മാക് ഓഎസിൽ കീമാജിക്ക് ഉപയോഗിക്കുന്നവരെ അറിയാം, അതല്ലാതെയുള്ളതായി വലയ പിടിയില്ല.

കീമാനുള്ളതായി കാണുന്ന ഒരു മെച്ചം അതിന് വിൻഡോസ്, മാക് ഓഎസ്, ആൻഡ്രോയിഡ്, ഐഫോൺ/ഐപാഡ് പതിപ്പുകളുള്ളതാണ് (ഇതിൽ വിൻഡോസിലൊഴികെ ഉപയോഗിച്ചുള്ള പരിചയം എനിക്കില്ലെന്ന് സൂചിപ്പിക്കുന്നു)

കീമാന് വേണ്ടിയുള്ള പുതിയ മലയാളം കീബോർഡ്

വിക്കിപീഡിയയിലെ എഴുത്തുപകരണത്തിലും, കീമാജിക്കിലും സന്നിവിശേഷിപ്പിച്ചിരിക്കുന്ന മൊഴി രീതിയിലുള്ള മലയാളം ടൈപ്പിങ്ങിനുള്ള കീബോർഡ് കീമാനിനും കൂടി വികസിപ്പിച്ചു. അത് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.

വിൻഡോസ്

നിലവിൽ വിൻഡോസിൽ മാത്രമേ ഞാൻ കീമാൻ പരിക്ഷിച്ചിട്ടുള്ളൂ. മുകളിൽ നൽകിയ കീബോർഡ് കീമാനിൽ ചേർക്കുന്നതെങ്ങിനെ എന്ന് പറഞ്ഞുതരാം.

വിൻഡോസിനുള്ള കീമാൻ ഡെസ്ക്ടോപ്പ് 9.0 ഇവിടെ നിന്നും ഡൗൺലോഡ് ചെയത് ഇൻസ്റ്റാൾ ചെയ്യാം. ശേഷം മുകളിൽ സൂചിപ്പിച്ച “malayalam-mozhi-v1.0.kmp” എന്ന ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് മലയാളം കീബോർഡ് ചേർക്കാം.

കീബോർഡ് ചേർത്ത് കഴിഞ്ഞാൽ, ടസ്ക്ബാറിലെ കീമാന്റെ ഐക്കണിൽ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ “Configuration…” ഐറ്റം ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വിൻഡോയിൽ ഇടതുഭാഗത്ത് “Malayalam Mozhi” കീബോർഡ് കാണാം, അത് തിരഞ്ഞെടുത്താൽ മലയാളം ടൈപ്പ് ചെയ്ത് തുടങ്ങാം.

കീമാന്റെ ടാസ്ക്ബാർ മെനു
കീമാന്റെ ടാസ്ക്ബാർ മെനു

മലയാളം കീബോർഡ് വിൻഡോസിലെ മറ്റ് കീബോർഡുകളുടെ കൂടെയും കാണാം.

വിൻഡോസ് സിസ്റ്റം കീബോർഡുകൾ
വിൻഡോസ് സിസ്റ്റം കീബോർഡുകൾ

മാക് ഓഎസ്

കീബോർഡ് തയ്യാറാക്കുമ്പോൾ മാക് ഓഎസിലും പ്രവർത്തിക്കണമെന്ന കരുതിയാണ് തയ്യാറാക്കിയിരുന്നതെങ്കിലും. അത് പരീക്ഷിച്ചറിയാനുള്ള സംവിധാനമില്ലാത്തതിനാൽ ഉറപ്പ് പറയാനാവില്ല.

മാക് ഓഎസ്സിനുള്ള കീമാൻ ഇവിടെ നിന്നും ലഭിക്കും. ഒന്ന് ശ്രമിച്ച് നോക്കാവുന്നതാണ്.