ക്രോമിൽ H.264 ന് സ്വാഭാവിക പിന്തുണയുണ്ടാവില്ല

എച്ച്.ടി.എം.എല്ലിന്റെ അഞ്ചാം പതിപ്പിലുള്ള വീഡിയോ ടാഗ് വഴി H.264 ഫോർമാറ്റിലുള്ള വീഡിയോകൾക്ക് പിന്തുണ ഉണ്ടാവില്ലെന്ന് ഗൂഗിൾ: http://blog.chromium.org/2011/01/html-video-codec-support-in-chrome.html ഫയർഫോക്സ്, ഓപ്പറ എന്നിവയെപോലെ വെബ്എം, ഓഗ്ഗ് തിയോറ എന്നിവയ്ക്കാണ് സ്വാഭവിക പിന്തുണയുണ്ടാകുക. മൈക്രോസോഫ്റ്റിന്റെ ഐ.ഇയും, ആപ്പിളിന്റെ സഫാരിയും H.264 നെ പിന്തുണക്കുന്നവയാണ്.

സ്വതന്ത്രമല്ലാത്ത വീഡിയോ ഫോർമാറ്റാണ് H.264. ഡീവിഡികളിലും, ഉയർന്ന റെസല്യൂഷൻ പ്രക്ഷേപണ വിതരണ രംഗങ്ങളിലും വ്യാപകമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ അവരെല്ലാം അതിന് കരം (? റോയൽറ്റി) നൽകുന്നുണ്ട്/നൽകേണ്ടതാണ്, H.264 വീഡിയോ ഫോർമാറ്റ് പിന്തുണക്കുന്ന ഹാർഡ്‌വെയർ നിർമ്മാതാക്കളും ഇതുപോലെ കരം നൽകുന്നുണ്ട്. ഇതിന്റെ പേറ്റന്റ് കൈവശമുള്ള MPEG Licensing Authority യിൽ അംഗങ്ങളാണ് മൈക്രോസോഫ്റ്റും ആപ്പിളും. നമ്മളറിയുന്നില്ലെങ്കിലും വീഡിയോ പ്ലെയർ, ഡീവിഡി തുടങ്ങിയവ വാങ്ങുമ്പോൾ വിലയായി നൽകുന്നതിന്റെ ഒരു പങ്ക് (നാമമാത്രമായിരിക്കാം) ഈ കരം നൽകാൻ ഉപയോഗിക്കപ്പെടുന്നു.

ഗൂഗിളിന്റെ കീഴിലുള്ള യൂട്യൂബിൽ H.264 ഫോർമാറ്റിലുള്ള വീഡിയോകൾ ഉള്ളതിനാൽ ഗൂഗിളും വലിപയ തോതിൽ കരം നൽകുന്നുണ്ട്. ഇത് മറികടക്കാനാണ് ഗൂഗിൾ വെബ്എം പദ്ധതിക്ക് രൂപം നൽകിയത്.

ഗൂഗിളിന് അവരുടേതായ താല്പര്യങ്ങളുണ്ടാകും. എന്നാലും സ്വതന്ത്ര ഫോർമാറ്റുകളായ വെബ്എം, ഓഗ്ഗ് തിയോറ തുടങ്ങിയ ഫോർമാറ്റിലുള്ള വീഡിയോകൾ സൂക്ഷിക്കാനും പ്രക്ഷേപണം/വിതരണം ചെയ്യാനും അത് പ്ലേ ചെയ്യുന്ന ഹാർഡ്‌വെയർ ഉണ്ടാക്കുന്നതിനും ആർക്കും നമ്മൾ കരം നൽകേണ്ടതില്ല.

H.264 ന് സ്വാഭാവിക പിന്തുണ്ടയുണ്ടാവില്ല എന്നറിയിച്ചുള്ള ഗൂഗിളിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കുറേ വാദങ്ങൾ കമന്റായി അവിടെ കാണാം. വളരെ വ്യാപകമായ ഒരു ഫോർമാറ്റിന് പിന്തുണ നൽകാതിരിക്കുന്നത് ആദ്യമൊക്കെ ചില പ്രശ്നങ്ങളുണ്ടാക്കുമെങ്കിലും സ്വതന്ത്രമായ വീഡിയോ വിതരണ പ്രക്ഷേപണത്തിന് ഇതൊരാക്കം നൽകും എന്ന് പ്രതീക്ഷിക്കുന്നു.