എന്റേയും ഉബുണ്ടു

കുറേ നാളായി ലിനക്സിലേക്ക് മാറണമെന്ന് വിചാരിക്കുന്നു. ലിനക്സ് സാമ്രാജ്യത്തിൽ പേർസണൽ കമ്പ്യൂട്ടിങ്ങിന് നിലവിൽ ഏറ്റവും പ്രചാരത്തിലുള്ളത് ഉബുണ്ടു ആയതിനാൽ അതുപയോഗിക്കാൻ തന്നെയായിരുന്നു ഉദ്ദേശ്യം. ലിനക്സ് ആദ്യമായൊന്നുമല്ല ഉപയോഗിക്കുന്നത്. ആദ്യമായി ലിനക്സ് ഉപയോഗിച്ചത് 2004 തുടക്കത്തിലാണെന്ന് തോന്നുന്നു. ആദ്യം ലിക്സിന്റെ പുസ്തകം വാങ്ങുകയായിരുന്നു അന്ന് ചെയ്തത്. ലിനക്സിലെ കമാന്റൊക്കെ പഠിച്ചെടുത്തേക്കാം എന്നൊന്നു ഉദ്ദേശിച്ചായിരുന്നില്ല, റെഡ്ഹാറ്റ് ലിനക്സിന്റെ ഡി.വി.ഡി. സൗജന്യമായി കിട്ടുമെന്നതുകൊണ്ടാണ് അത് വാങ്ങിയത്. കിട്ടിയത് റെഡ്ഹാറ്റ് ലിനക്സ് 7.3 ആണെന്നുതോന്നു. കിട്ടിയ ഡി.വി.ഡിക്കോ എന്റെ ഡി.വി.ഡി. ഡ്രൈവിനോ എന്തോ കുഴപ്പം ഉണ്ടായിരുന്നതിനാൽ ബൂട്ട് ചെയ്ത് കിട്ടിയതുതന്നെ കുറേ ശ്രമത്തിനുശേഷമാണ്. എന്തോ പ്രശ്നം കാരണം ഷെൽ വഴിയുള്ള തുറക്കലേ അന്ന് സാധിച്ചുള്ളൂ. പിന്നീട് കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങൾ, മാഗസിനുകൾ തുടങ്ങിയവയിൽ നിന്നാണ് ലിനക്സിന്റെ സി.ഡികൾ കിട്ടിയിരുന്നത്. റെഡ്ഹാറ്റ് 9.7 ആയിരുന്നു ശേഷം ഉപയോഗിച്ചത് പിന്നീടാണ് ഫെഡോറ സംരംഭം തുടങ്ങിയത്. അതിനുശേഷം ഫെഡോറ 1, 2, 3 പതിപ്പുകൾ ഉപയോഗിച്ചു, സൂസെയും കുറച്ചുകാലം ഉപയോഗിച്ചു. അന്ന് സൂസെ ആയിരുന്നു കൂടുതൽ ഫ്രണ്ട്ലി. അപ്പോഴും ലിനക്സിന് വലിയ ഉപയോഗമൊന്നുമുണ്ടായിരുന്നില്ല, വല്ലപ്പോഴും ഗെയിം കളിക്കും. പിന്നെ ലിനക്സൊക്കെ കളഞ്ഞ് വിൻഡോസ് മാത്രമാക്കി. പിന്നെ ലിനക്സുമായി ഇതുവരെ വലിയ ബന്ധം പുലർത്തിയിരുന്നില്ല. പിന്നെ ഉബുണ്ടു വെർച്വൽ ബോക്സിലിട്ട് പരീക്ഷിച്ചു നോക്കിയിരുന്നു. അതും തുറക്കാറുണ്ടായിരുന്നില്ല. വെറുതെ പൂതി തീർക്കാൻ ഇസ്റ്റാൾ ചെയ്തൂന്ന് മാത്രം.

ഇപ്പോഴാണ് ഇനി ലിനക്സിലേക്ക് മാറിക്കളയാം എന്ന ദൃഢനിശ്ചയമെടുക്കാൻ സാധിച്ചത്. ഇനി വിൻഡോസ് ഉപയോഗിക്കില്ലെന്നല്ല, ഉപയോഗിക്കും വളരെ അത്യാവശ്യമെങ്കിൽ മാത്രം. പണിസ്ഥലത്ത് വിൻഡോസ് തന്നെ ഉപയോഗിക്കേണ്ടി വരും, സ്വന്തം കാര്യത്തിൽ ഇനി ലിനക്സ് മാത്രം. സിസ്റ്റത്തിൽ നിന്ന് വിൻഡോസ് പൂർണ്ണമായും കളഞ്ഞു, ഹാർഡിസ്ക് പൂർണ്ണമായും ഫോർമാറ്റ് ചെയ്തു, പാതി പാർട്ടീഷനിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്തു. എന്തേ പാതിയിൽ മാത്രം എന്ന് ചോദിച്ചാൽ, ഇത്ര നാളും സി. ഡ്രൈവും ഡി. ഡ്രൈവുമൊക്കെയയി കഴിഞ്ഞതല്ലേ അതിന്റെ ഒരു പ്രഭാവം, അതുകൂടാതെ ചിലപ്പോൾ വളരെ അത്യാവശ്യമെങ്കിൽ വിൻഡോസ് ഇൻസ്റ്റാളേണ്ടി വരും അതിനും കുറച്ച് സ്ഥലം വേണ്ടിവരും, സെറ്റിങ്ങ്സൊക്കെ കഴിഞ്ഞ് ഇൻസ്റ്റാളേഷന് മാത്രം വളരെ കുറച്ച് സമയമേ എടുത്തുള്ളൂ 15 മിനുട്ടിൽ താഴെയേ എടുത്തിട്ടുണ്ടാവൂ എന്നാണോർമ്മ, വിൻഡോസാണെങ്കിൽ ഇതിന്റെ നാലിരട്ടി സമയമെടുത്തേനേ.

സാധാരണയായി വിൻഡോസ് 7 സ്റ്റാർട്ട് ചെയ്താൽ വേറൊരു പ്രോഗ്രാമും പ്രവർത്തിപ്പിക്കാതെ തന്നെ മെമ്മറി 1 ജി.ബിയിലധികം ഉപയോഗിച്ചിട്ടുണ്ടാകും. ഉബുണ്ടുവിലാണെങ്കിൽ അത് 600 എം.ബിയിൽ താഴെ മാത്രം. പ്രവർത്തനവേഗതയിലും വിൻഡോസിനേക്കാൾ വളരെ മുൻപിൽ. വൈറസ്/ആന്റിവൈറസ് പ്രോഗ്രാമുകളുടെ ശല്യം ഇല്ലാത്തതാണ് എടുത്തു പറയേണ്ട ഒരു മെച്ചം. വൈറസ് മാത്രമല്ല ആന്റിവൈറസും പ്രശ്നക്കാരനാണ്, കാരണം അവ വിലപ്പെട്ട കമ്പ്യൂട്ടിങ്ങ് കഴിവ് പാഴാക്കുന്നു. അവയുടെ പ്രവർത്തനരീതി കണ്ടാൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നത് തന്നെ അവയ്ക്ക് വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകും. മിക്കവാറും ലാപ്ടോപ്പ് ഹിബർനേറ്റ് ചെയ്യാറാണ് പതിവ് സാധാരണഗതിയിലുള്ള ഓഫാക്കൽ കുറവാണ്, ഹിബർനേറ്റ് ചെയ്യുന്നതിലും തിരിച്ച് പഴയനിലയിലാക്കുന്നതിലും ലിനക്സ് നല്ല വേഗത കാണിക്കുന്നു.

അതെ ഞാനും ലിനക്സുപയോഗിക്കുന്നു :)