അംഹാറിക്ക് ഭാഷ

അംഹാറിക്ക് ഭാഷ1 എഴുതാനുള്ള പിന്തുണ നാരായത്തിൽ ചേർക്കുന്നതാരംഭിച്ചു. നാരായം പിന്തുണക്കുന്ന ആദ്യത്തെ ആഫ്രിക്കൻ ഭാഷയാണ് അംഹാറിക്ക്. യൂണികോഡിൽ 560 കോഡ് പോയിന്റുകൾ അനുവദിക്കപ്പെട്ടിട്ടുള്ള എത്യോപ്യൻ ലിപിയിലാണ്2 അംഹാറിക്ക് എഴുതുന്നത്. ഇന്ത്യൻ ലിപികളിൽ നിന്നുമൊക്കെ വ്യത്യസ്തമായി വ്യഞ്ജനങ്ങൾ സ്വരങ്ങളുമായി ചേരുന്ന ഒരോ രൂപത്തിനും പ്രത്യേകം കോഡ് പോയിന്റുകളുണ്ട്. അതിനാൽ തന്നെ എത്യോപ്യൻ ലിപിയുടെ യൂണികോഡ് പട്ടിക വലുതാണ്. സാധാരണ ആവശ്യങ്ങൾക്കുള്ളവയ്ക്കായി 384 കോഡ് പോയിന്റുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു, അതുകൂടാതെ മറ്റാവശ്യങ്ങൾക്കുള്ള 176 കോഡ് പോയിന്റുകൾ കൂടി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു.

അംഹാറിക്ക് ഭാഷയിൽ പൂജ്യമില്ല എന്നതാണെന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം, അവർ പൂജ്യത്തെ “ശൂന്യം” അഥവാ “ബാഡോ” (bado) എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. മറ്റൊന്ന് അവർ സംഖ്യകൾ എഴുതുന്ന രീതിയും വ്യത്യസ്തമാണ്, അവർ സംഖ്യകൾ എഴുതുന്നത് നമ്മൾ വിദ്യാലയങ്ങളിൽ പഠിച്ചപോലെ വലിയ സംഖ്യകൾ ഘടകങ്ങളാക്കുന്നതിനു സമാനമാണ്. അതിനു വേണ്ട് അവർക്ക്. 10 (፲), 100 (፻), 1000 (፼), 10000 (፼) എന്നിവയ്ക്ക് വേണ്ടി പ്രത്യേകം ചിഹ്നങ്ങൾ ഉണ്ട്. ഇതിൽ 1000 (፼) ഉപയോഗത്തിലില്ല. കൂടാതെ 20 (፳), 30 (፴), 40(፵), 50 (፶), 60 (፷), 70 (፸), 80 (፹), 90(፺) എന്നിവയ്ക്കും പ്രത്യേക ചിഹ്നങ്ങളുണ്ട്.

ഇനി സംഖ്യകൾ എഴുതുന്ന രീതി:

  • 15 = ፲፭ (അതായാത് 10 ഉം 5ഉം)
  • 150 = ፻፶ (100 ഉം 50 ഉം)
  • 2015 = ፪፲፻፲፭ (2 ഉം 10 ഉം 100 ഉം 10 ഉം 5 ഉം. 2x10x100+10+5)